ലഖ്‌നൗ: ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളിൽ നിന്നും ആറുവയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ. ഉത്തർപ്രദേശിലെ ഭാഘ്പട്ടിലാണ് സംഭവം. നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട യുകെജി വിദ്യാർത്ഥിനി കുരങ്ങുകളാണ് തന്നെ രക്ഷിച്ചതെന്ന് പിതാവിനോട് വെളിപ്പെടുത്തുകയായിരുന്നു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കവെ ഒരു കൂട്ടം കുരങ്ങുകൾ സ്ഥലത്തെത്തുകയും ഇവർ പ്രതിയെ ആക്രമിക്കുകയും ചെയ്തു. തുടർന്നിയാൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കുട്ടിയുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കുരങ്ങുകൾ എത്തിയില്ലായിരുന്നെങ്കിൽ മകളെ ജീവനോടെ ലഭിക്കില്ലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















