നാഗ്പൂർ: നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് കണ്ടെത്തി. ഹരിദ്വാർ ആസ്ഥാനമായി വെറ്ററിനറി മരുന്നുകൾ നിർമ്മിക്കുന്ന ലബോറട്ടറിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.1,200 പേജുള്ള കുറ്റപത്രത്തിലാണ് കണ്ടെത്തലുകൾ.
സർക്കാർ ആശുപത്രികളിലേക്കുള്ള വ്യാജ മരുന്ന് നിർമ്മാണത്തിന് പുറമെ റാക്കറ്റിലുള്ളവർ കോടിക്കണക്കിന് രൂപ ഹവാല ചാനലുകൾ വഴി കൈമാറിയിരുന്നതായും തെളിഞ്ഞു. മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ സഹറൻപൂരിലേക്കാണ് ഇത്തരത്തിൽ പണമിടപാട് നടത്തിയിരുന്നത്.
വ്യാജമരുന്നിന്റെ നിർമ്മാണത്തിനായാണ് റാക്കറ്റിലെ മറ്റ് അംഗങ്ങൾക്ക് പണം കൈമാറിയിരുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര എന്നിങ്ങനെ ഇന്ത്യയിൽ ഉടനീളമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികൾക്ക് ഈ വ്യാജ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ കൽമേശ്വറിലെ ആശുപത്രിയിൽ എത്തിച്ച ആന്റിബയോട്ടിക്കുകൾ വ്യാജമാണെന്ന് ഡ്രഗ് ഇൻസ്‌പെക്ടർ നിതിൻ ഭണ്ഡാർക്കർ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.















