ന്യൂഡൽഹി: ഇവൈ ഇന്ത്യ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ മഹാരാഷ്‌ട്ര സർക്കാരിനോട് റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്ര തൊഴിൽ മന്ത്രാലയം. ജോലി സമ്മർദ്ദത്തെ തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി.
വരുന്ന പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും തൊഴിൽ മന്ത്രാലയത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഇവൈ ഇന്ത്യ ഇന്ത്യ ചെയർമാന് അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ തുറന്നകത്ത് അയച്ചതോടെയാണ് സംഭവം ചർച്ചയാകുന്നത്. അവധിയില്ലാതെ അമിതജോലി ചെയ്തിരുന്ന അന്ന മാനസികമായും ശാരീരികമായും തളർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയാഘാതം വന്ന് മരിച്ചത്. കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായാണ് പൊതുവെയുള്ള വിമർശനങ്ങൾ.