ധാക്ക: ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ സൈനികർക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ ഇടക്കാല സർക്കാരിന്റെ അനുമതി. നഴ്‌സിംഗ് സ്റ്റാഫ്, വനിത ഓഫീസർമാർ ഉൾപ്പെടെയുള്ള റാങ്കുകൾക്ക് ബാധകമായിരുന്ന ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇല്ലാതാക്കിയത്.
സെപ്തംബർ 3 ന് വിളിച്ച് ചേർത്ത കോൺഫറൻസിലാണ് ഈ തീരുമാനം. ഹിജാബ് ധരിക്കുന്നതിനുള്ള നയം രൂപീകരിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു. തലയും തോളും മറയ്‌ക്കുന്ന പരമ്പരാഗത ശിരോവസ്ത്രമായ ഹിജാബ് ധരിക്കുന്നത് നേരത്തെ സൈന്യത്തിൽ വിലക്കുണ്ടായിരുന്നു. 2000 ത്തിലാണ്, ബംഗ്ലാദേശ് ആർമിയുടെ കോർപ്സുകളിലും റെജിമെൻ്റുകളിലും സ്ത്രീകളെ അനുവദിച്ചത്. എങ്കിലും പരിമിതമായ മേഖലകളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവർത്തനാനുമതിയുള്ളത്.
ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ മുഹമ്മദ് യൂനസ് സർക്കാരിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. താലിബാന് പഠിക്കുകയാണോ മുഹമ്മദ് യൂനുസ്, അഫ്ഗാനെ പോലെ ശരിയത്ത് നിയമത്തിലേക്കാണ് ബംഗ്ലാദേശും പോകുന്നത്, രാജ്യത്ത് ഹിജാബ് നിർബന്ധമാക്കുന്നതിന്റെ ആദ്യപടിയാണിത് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്















