തിരുവനന്തപുരം: മോഹൻലാൽ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ് പടച്ചുവിട്ട ദേശാഭിമാനിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരിഹാസവും വിമർശനവും രൂക്ഷമായതോടെ കുറിപ്പ് തയാറാക്കിയ ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്ത് തലയൂരാനുള്ള ശ്രമത്തിലാണ് പാർട്ടി പത്രം.
കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ എ.വി. അനിൽകുമാറിനെയാണ് സസ്പന്റ് ചെയ്തത്.കവിയൂർ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹൻലാലിന്റെ പേരിൽ അനിൽകുമാർ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയത്. ഗുരുതരമായ മണ്ടത്തരങ്ങളും കുറിപ്പിലുണ്ടായിരുന്നു. ഇതോടെ ക്യാപ്സൂൾ ഇറക്കി ന്യായീകരിക്കാൻ പറ്റാത്ത സ്ഥിതിയുമായി.
മോഹൻലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മ മരിച്ചെന്നാണ് കുറിപ്പിൽ ചിത്രീകരിച്ചിരുന്നത്. “അമ്മ പൊന്നമ്മ” എന്ന തലക്കെട്ടിൽ മോഹൻലാൽ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ” രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി, ഇതാ ഇപ്പോൾ അത്രമേൽ ആഴത്തിൽ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു..” എന്നാണ് കുറിപ്പിൽ പറഞ്ഞത്. വിമർശനം ശക്തമായതോടെ പിറ്റേന്ന് പത്രം മാപ്പപേക്ഷയുമായി രംഗത്തുവന്നിരുന്നു.















