കാൺപൂർ: പ്രായമായവരെ മെഷീൻ ഉപയോഗിച്ച് ചെറുപ്പക്കാരാക്കാമെന്ന വ്യാജ വാഗ്ദാനം നൽകി ദമ്പതികൾ തട്ടിയത് 35 കോടി രൂപ. ഇസ്രായേൽ നിർമ്മിത യന്ത്രം ഉപയോഗിച്ച് 65 വയസുള്ളവരെ വീണ്ടും 25 വയസ് ആക്കാമെന്ന് വാഗ്ദാനം ചെയ്താണ് സ്വരൂപ് നഗറിലെ ദമ്പതികൾ ആളുകളിൽ നിന്ന് പണം കൈക്കലാക്കിയത്.
പ്രതികളായ രാജീവ് കുമാറും ഭാര്യ രശ്മി ദുബെയും ചേർന്ന് സാകേത് നഗറിൽ “റിവൈവൽ വേഡ്” എന്ന പേരിൽ ഒരു സംഘടന രൂപീകരിചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാർ പറയുന്നതനുസരിച്ച് ഇസ്രായേലി ശാസ്ത്രജ്ഞർ 64 വയസും അതിൽ കൂടുതലുമുള്ള 35 വയോധികരെ അഞ്ച് ദിവസത്തേക്ക് ശുദ്ധമായ ഓക്സിജൻ നൽകി പ്രായം കുറച്ചതായി ഇവർ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പ്രായം കുറയ്‌ക്കുന്ന മെഷീൻ ഇസ്രായേലിൽ നിന്നും എത്തിക്കുന്നതിനായി ഫണ്ട് വേണമെന്ന വ്യാജേന ദമ്പതികൾ 6,000 രൂപയുടേയും 90,000 രൂപയുടേയും രണ്ട് നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു.സ്‌കീമിലേക്ക് മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുന്നവർക്ക് ലാഭകരമായ പ്രതിഫലങ്ങളും വാഗ്‌ദനം ചെയ്തു.
സ്വരൂപ് നഗറിലെ താമസക്കാരിയായ രേണു സിംഗ് ഇത്തരത്തിൽ 12 .5 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 5.6 ലക്ഷം രൂപ ഒരു വര്ഷത്തിനുള്ളിൽതിരികെ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായില്ല. തുകയെ കുറിച്ച് ചോദിച്ചപ്പോൾ പ്ലാൻ്റ് ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ദമ്പതികൾ ഉറപ്പ് നൽകി. എന്നാൽ കാലക്രമേണ ദമ്പതികൾ ഇത്തരത്തിൽ വ്യാജരേഖ ചമച്ച് വിവിധ വ്യക്തികളിൽ നിന്നായി ഏകദേശം 35 കോടി രൂപ കൈപ്പറ്റിയതായി വ്യക്തമായി. തുടർന്ന് നിക്ഷേപകർ പൊലീസിനെ സമീപിക്കുകയായിരുന്നു. കിദ്വായ് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















