ബെയ്റൂത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 492 ആയി. 1,645-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇന്നലെ പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകർക്കും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയ ആക്രമണമാണിത്. സംഘർഷം രൂക്ഷമായതോടെ തെക്കൻ തുറമുഖനഗരമായ സിദോനിൽ ജനജീവിതം സ്തംഭിച്ചു. ആയിരങ്ങളാണ് പാലയനം ചെയ്യുന്നത്. 2006-ലുണ്ടായ സാഹചര്യത്തിന് സമാനമാണ് ലെബനനിൽ ഇപ്പോൾ.
അടുത്ത ഘട്ട ആക്രമണത്തിന് ഇസ്രായേൽ സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു. 24 മണിക്കൂറിനിടെ ഹിസ്ബുള്ളയുടെ 1,300-ലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും സേന അറിയിച്ചു. 35-ഓളം റോക്കറ്റുകൾ ലെബനനിൽ നിന്ന് ഇസ്രായേലിലെ സഫേദ് പ്രദേശത്തേക്ക് തൊടുത്തുവിട്ടതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു.
ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലബനനിലും സിറിയയിലുമുള്ള വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം പേജറുകളും പിന്നീട് വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വ്യോമക്രാമണം.
2023 ഒക്ടോബറിൽ 2,000-ത്തിലേറെ മിസൈലുകൾ തൊടുത്ത് വിട്ട് ഹമാസ് വൻ ആക്രമണം നടത്തിയിരുന്നു. ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും ഇസ്രായേലിൽ ആക്രണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രത്യാക്രണം തുടങ്ങിയത്.