ടെൽഅവീവ്: ഇസ്രായേലിന്റെ പോരാട്ടം ലെനനനോ അവിടുത്തെ ജനങ്ങൾക്കോ എതിരല്ല മറിച്ച് ഹിസ്ബുള്ള ഭീകരർക്കെതിരെയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 500ഓളം പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ലെബനനിലെ ജനങ്ങൾ ഹിസ്ബുള്ളയുടെ മനുഷ്യകവചങ്ങളായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” ലെബനനിലെ ജനങ്ങളോട് ഒരു സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. ഈ പോരാട്ടം ഒരിക്കലും ലെബനനിലെ സാധാരണക്കാരായ ജനങ്ങളോടല്ല. മറിച്ച് അവരുടെ വീടുകളിലെല്ലാം മിസൈലുകൾ വയ്‌ക്കുന്ന ഹിസ്ബുള്ള ഭീകരർക്കെതിരായിട്ടാണ്. വളരെ നാളുകളായി ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ വീടുകളുടെ ഉള്ളിൽ അവർ മിസൈലുകൾ വയ്‌ക്കുന്നു. ആ മിസൈലുകളാണ് ഇസ്രായേലിലെ നഗരങ്ങളെ ലക്ഷ്യമിട്ട് എത്തുന്നത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളിൽ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയുധം പുറത്തെടുത്തേ മതിയാകൂ.
നിങ്ങളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടേയും ജീവന് ഭീഷണിയാകാൻ ഹിസ്ബുള്ളയെ അനുവദിക്കരുത്. ലെബനന് ഒരു ഭീഷണിയായി വളരാനും അവരെ അനുവദിക്കരുത്. ദയവായി നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. ഈ ഓപ്പറേഷൻ പൂർത്തിയായാൽ ഉടനെ നിങ്ങൾക്ക് നിങ്ങളുടെ വീടുകളിലേക്ക് തിരികെ വരാൻ സാധിക്കും. ഇതിനെ ഗൗരവത്തോടെ കാണണം. ഹിസ്ബുള്ള ഭീകരരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കരുത്. ഇസ്രായേൽ പ്രതിരോധ സേനയും ലെബനനിലെ ജനങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും” നെതന്യാഹു പറഞ്ഞു.















