എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് തിരിച്ചടി. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
യുവ നടിയുടെ പരാതി തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും തന്നെ അപമാനിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖ് ഹർജി സമർപ്പിച്ചത്. നടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ സാക്ഷിമൊഴികളുടെയും കൃത്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് നടനെതിരെ പരാതിയുമായി യുവ നടി രംഗത്തെത്തിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലായിരുന്നു പീഡനമെന്നും നടി പറഞ്ഞു. 2016 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരിയുടെ മൊഴി ശരിവയ്‌ക്കുന്ന തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.