മലയാള സിനിമാ മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ കോടതിയും പോലീസും തീരുമാനമെടുത്തുകൊള്ളുമെന്ന് നടൻ ടിനി ടോം. പുറത്തുനിന്നുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നും എല്ലാത്തിലും അമ്മ സംഘടനയെ വലിച്ചിഴക്കേണ്ട എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചു.
“അസുഖം വന്നാൽ ചികിത്സിക്കേണ്ടത് നമ്മളല്ല. അതിന് ഡോക്ടർമാർ ഉണ്ട്. സിനിമയിലും അതുതന്നെ. പുറത്തുള്ള ആൾക്കാരല്ല തീരുമാനിക്കേണ്ടത്. പോലീസും കോടതിയും ഉണ്ട്. അവർ തീരുമാനിക്കട്ടെ. മലയാള സിനിമ കേരളത്തിന് എന്താണ് ചെയ്യുന്നത് എന്നുള്ള ധാരണ പലർക്കും ഇല്ല. സിനിമയിൽ നിന്നും വലിയൊരു ടാക്സ് സർക്കാരിന് അടയ്‌ക്കുന്നുണ്ട്. അത് നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടിയാണ്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ കൈ മറന്ന് നമ്മുടെ ആൾക്കാർ സഹായിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ഒരു ദിവസമേ വാർത്തയായി നിൽക്കുകയുള്ളൂ”.
“എന്തെങ്കിലും മോശം ഉണ്ടായാൽ ജീവിതകാലം മുഴുവൻ ആക്രമിക്കും. വയനാടിന് എത്ര രൂപ കൊടുത്തു എന്നത് ഒറ്റ ദിവസത്തെ വാർത്ത മാത്രമാണ്. പോസിറ്റിവിറ്റിക്ക് വിലയില്ല. ഞാൻ അമ്മ സംഘടനയുടെ ഭാരവാഹിയാണ്, ഇപ്പോൾ രാജിവെച്ചു. അമ്മ ആരുടെ എടുത്തും തെറ്റ് ചെയ്തിട്ടില്ല. അതിൽ ചില ആൾക്കാർക്കെതിരെ ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്ന് കരുതി മൊത്തം അടച്ച് പറയരുത്. 506 മെമ്പർമാരിൽ അൻപതോ അറുപതോ പേരാണ് സുഖമായി ജീവിക്കുന്നത്. ബാക്കിയുള്ളവരെ നമ്മൾ സംരക്ഷിക്കുകയാണ്. അതൊന്നും സംസാരവിഷയം ആകാറില്ല. ഏതെങ്കിലും വ്യക്തികളുടെ പേരിൽ ആരോപണം ഉണ്ടാകുമ്പോൾ കോടതി പോലും തെളിയിക്കാത്ത കാര്യത്തിന് വേണ്ടിയാണ് ചർച്ചകൾ നടക്കുന്നത്”-ടിനി ടോം പറഞ്ഞു.















