ലക്നൗ: സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താത്ത ജീവനക്കാർക്ക് ഇനി ശമ്പളമില്ലെന്ന് മുന്നറിയിപ്പുമായി യുപി സർക്കാർ. സർക്കാർ ജീവനക്കാർ തങ്ങളുടെ സ്ഥാവര- ജംഗമ സ്വത്തുക്കൾ സെപ്തംബർ 30-നകം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഭരണനിർവഹണത്തിൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സുപ്രധാന നീക്കം. 8.44 ലക്ഷം സർക്കാർ ജീവനക്കാരാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 90 ശതമാനം ജീവനക്കാർ തങ്ങളുടെ ആസ്തിയുടെ ഉറവിടം പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ സമയപരിധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. എന്നാൽ ജീവനക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 30 വരെ സമയപരിധി നീട്ടി നൽകിയിരുന്നു. സെപ്തംബർ 30 നകം സ്വത്തുവിവരങ്ങൾ നൽകുന്നവർക്ക് മാത്രമേ സെപ്തംബർ മാസത്തെ ശമ്പളം നൽകൂവെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് വ്യക്തമാക്കി















