എന്ത് ജോലി ചെയ്യാനും ആദ്യം വേണ്ടത് ആഗ്രഹമാണ്, ഉറച്ച തീരുമാനമാണ്. ഇത് രണ്ടിനും മുൻപിൽ പ്രായവും രോഗവുമൊക്കെ മാറി നിൽക്കുമെന്ന് തെളിച്ചിരിക്കുകയാണ് 67-കാരൻ. കഴിഞ്ഞ 21 വർഷമായി സ്ഥിരമായി പദയാത്രകൾ നടത്തുകയാണ് ഇദ്ദേഹം.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഛോട്ടു റാം എന്ന 67-കാരൻ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന വിശുദ്ധ ക്ഷേത്രങ്ങളിലേക്ക് ഇദ്ദേഹം കാൽ നടയായി പോയത് ഒരുപാട് തവണയാണ്. വൈഷ്ണോദേവി, അമർനാഥ്, രാംദേവ്ര എന്നിവിടങ്ങളിലേക്കാണ് പദയാത്ര നടത്തുന്നത്. മെലിഞ്ഞ ശരീരവും വെളുത്ത് നീണ്ട താടിയും പ്രായത്തെ നിർവചിക്കുന്നുവെങ്കിലും അദ്ദേഹത്തിന് ഇന്നും 20-കളിലെ ശക്തിയാണ്.
2018 വരെ പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഒരു വൃദ്ധനാണ് പ്രചോദനമായത്. 2003-ൽ രാംദേവ പദയാത്ര നടത്തുന്ന തീർത്ഥാടകരിൽ പ്രധാനിയായിരുന്നു 70-കാരനായ ആ വൃദ്ധനെന്ന് ഛോട്ടു റാം ഓർമ്മിക്കുന്നു. ഇത്രയേറെ ദൈർഘ്യമേറിയ യാത്രയെ എങ്ങനെ ഇത്ര ചുറുചുറുക്കോടെ നേരിടുന്നുവെന്ന ചിന്തയാണ് താനും ആ പാതയിലേക്ക് നീങ്ങാൻ കാരണമായതെന്ന് ഛോട്ടു റാം ഓർമിക്കുന്നു. അദ്ദേഹത്തിന് അതിന് സാധിക്കുന്നുവെങ്കിൽ തനിക്കും സാധിക്കുമെന്ന വിശ്വസമാണ് 21 വർഷങ്ങളായി പദയാത്ര നടത്തുന്നതിന് പിന്നിൽ.
അദ്ദേഹത്തിനെ കണ്ടതിന്റെ അടുത്ത ദിവസങ്ങളിൽ ഭാര്യ സഹോദരനൊപ്പം ഛോട്ടു റാം തന്റെ ആദ്യയാത്ര ആരംഭിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹം തുടർച്ചയായി തീർത്ഥാടന യാത്രകൾ നടത്തുന്നു. 2003 മുതൽ അദ്ദേഹം രാംദേവ്രയിലേക്ക് 26 പദയാത്രകളും വൈഷ്‌ണോദേവിയിലേക്ക് നാലും അമർനാഥിലേക്ക് ഒരു തവണയും പദയാത്ര നടത്തി. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ ജൂൺ ഒൻപതിന് വൈഷ്‌ണോദേവിയിലേക്കും അമർനാഥിലേക്കും അദ്ദേഹം തീർത്ഥാടനം നടത്തി. ജൂലൈ നാലിന് വൈഷ്‌ണോദേവിയിലും ജൂലൈ 14-ന് അമർനാഥിലും എത്തി.
നീണ്ട യാത്രകളുടെ ക്ഷീണം വകവയ്‌ക്കാതെ കാരിരുമ്പിന്റെ ശക്തിയോടെ ഛോട്ടു റാം ഓഗസ്റ്റ് 23-ന് അടുത്ത യാത്ര പുറപ്പെട്ടു. നംഗൽ തുളസീദാസിൽ നിന്ന് രാംദേവ്ര തീർത്ഥാടനത്തിനായാണ് അദ്ദേഹം പുറപ്പെട്ടത്. സെപ്റ്റംബർ രണ്ടിന് എത്തിച്ചേരുന്നു.















