ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിന്റെ (എഐഐബി) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ 9-ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുന്നു. ഉസ്ബെക്കിസ്ഥാനിലെ
സമർഖണ്ഡിലാണ് യോഗം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാൻ, ഖത്തർ, ചൈന, എന്നെ രാജ്യങ്ങളുടെ പ്രതിനിധികളുമായും എഐഐബി പ്രസിഡന്റുമായും നിർമല സീതാരാമൻ ഉഭയകക്ഷി യോഗങ്ങൾ നടത്തും
സെപ്റ്റംബർ 24 മുതൽ 28 വരെ അവർ ഉസ്ബെക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെപ്തംബർ 25, 26 തീയതികളിലാണ് എഐഐബിയുടെ ബോർഡ് ഓഫ് ഗവർണർമാരുടെ വാർഷിക യോഗം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 80 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റ് അന്താരാഷ്‌ട്ര സംഘടനകളും വാർഷിക യോഗത്തിൽ പങ്കെടുക്കുന്നു.ബാങ്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമയാണ് ഇന്ത്യ. കേന്ദ്ര ധനമന്ത്രി എഐഐബിയുടെ ഇന്ത്യൻ ഗവർണർ എന്ന നിലയിലാണ് പങ്കെടുക്കുന്നത് .
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അവർ ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത് മിർസിയോയെ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ നിർമ്മല സീതാരാമൻ ഒപ്പുവെക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി കൂടുതൽ വിപുലമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ഉടമ്പടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും വ്യവസായ മേധാവികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബിസിനസ് ഫോറം ചർച്ചകളിലും ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുക്കും. സമർഖണ്ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും താഷ്കെൻ്റിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകവും സന്ദർശിക്കുന്ന നിർമ്മല വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.