ബെംഗളൂരു: ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി. മുഡ ഭൂമി കുംഭകോണക്കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ തീരുമാനങ്ങൾ ശരിവയ്‌ക്കുന്നുവെന്നും നടപടിയിൽ തെറ്റില്ലെന്നും കോടതി അറിയിച്ചു. വസ്തുതകൾ പരിശോധിക്കാൻ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗഹ്ലോട്ട് നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ വിചാരണക്ക് അനുമതി നൽകിയത്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണറിന്റെ നടപടി ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹർജി സമർപ്പിച്ചത്. എന്നാൽ അസാധാരണമായ വിഷയങ്ങളിൽ ഗവർണർക്ക് തീരുമാനം എടുക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പെടെ മൂന്ന് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.















