ന്യൂഡൽഹി: പുതിയ ഫോൺ വാങ്ങിയതിൽ പാർട്ടി നൽകാത്തതിനെ തുടർന്ന് 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഡൽഹി ഷക്കർപൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രദേശവാസിയായ സച്ചിൻ (16) ആണ് കൊല്ലപ്പെട്ടത്.
പുതിയ ഫോൺ വാങ്ങി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സച്ചിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. വഴിയിൽ നിന്ന് ഇവർ ഏറെ നേരം സംസാരിക്കുകയും ഫോൺ വാങ്ങിയതിന് പാർട്ടി നൽകാൻ സുഹൃത്തുക്കൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് നിഷേധിച്ചതോടെ സച്ചിനെ സുഹൃത്തുക്കൾ ആക്രമിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസുകാർ നിരത്തിൽ ചോരക്കറകൾ കാണാനിടയാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കൊലപാതക വിവരം പുറത്താവുകയുമായിരുന്നു. കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കത്തി ഉപയോഗിച്ച് രണ്ട് തവണ സുഹൃത്തുക്കൾ സച്ചിനെ കുത്തിയിരുന്നു. അമിത രക്തസ്രാവമാണ് മരണകാരണം. സംഭവത്തിൽ 16 വയസുള്ള മൂന്ന് വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ഇവർ സച്ചിനെ കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.















