ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളും ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും പ്രണയകഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
വർഷങ്ങൾക്ക് മുമ്പ് സിമി ഗരേവാളിന്, അംബാനിയും നിതയും നൽകിയ അഭിമുഖത്തിന്റെ ഏതാനും ക്ലിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അഭിമുഖത്തിനിടെ നിതയോട് സിമി തമാശ രൂപേണ ഒരു ചോദ്യം ചോദിക്കുകയാണ്. മുകേഷ് അംബാനി ഇല്ലായിരുന്നുവെങ്കിൽ മറ്റാരെ പ്രണയിക്കാനായിരുന്നു താത്പര്യം? സിമിയുടെ ഈ ചോദ്യത്തിന് ഒന്നലോചിച്ച ശേഷം നിത മറുപടി പറയുന്നതാകട്ടെ ബിൽ ക്ലിന്റനെന്നും. അമേരിക്കൻ മുൻ പ്രസിഡന്റാണ് ബിൽ ക്ലിന്റൺ.
ഭാര്യയുടെ മറുപടി കേട്ട മുകേഷ് അംബാനിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. നിതയ്‌ക്ക് ബിൽ ക്ലിന്റനെ പ്രണയിക്കാമെങ്കിൽ സിമി, ഞാൻ നിങ്ങളുമായി ഒരു ഡേറ്റിന് പോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി. ഇത് കാണികളിൽ ചിരിപടർത്തി. വർഷങ്ങൾക്ക് ശേഷം അഭിമുഖത്തിന്റെ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുകയാണ്. ദമ്പതികളുടെ നർമ്മബോധവും പരസ്പര ബഹുമാനവും പ്രണയവുമാണ് ഇരുവരുടെയും 40 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തെ ദൃഢമാക്കിയതെന്ന കമ്മന്റുകളും നിരവധി പേർ രേഖപ്പെടുത്തി.
നിതയുടെ ഭരതനാട്യം കാണാനിടയായ മുകേഷിന്റെ പിതാവ് ധീരുഭായ് അംബാനിയാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തുന്നത്. പിന്നീട് നിതയുമായുള്ള സൗഹൃദം പ്രണയത്തിലെത്തുകയും മുംബൈയിലെ ട്രാഫിക് നിറഞ്ഞ റോഡിൽ സിഗ്നലിൽ കാർ നിൽക്കുമ്പോൾ മുകേഷ് അംബാനി നിതയോട് പ്രണയം തുറന്നു പറയുകയുമായിരുന്നു. തന്റെ പ്രണയം അംഗീകരിക്കാതെ കാർ മുന്നോട്ടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ നിത വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് കാർ സ്റ്റാർട്ട് ചെയ്തതെന്നും മുകേഷ് അംബാനി അഭിമുഖത്തിൽ പറയുന്നു.