തിയേറ്ററിൽ ചിരിപ്പിച്ച് ബോക്സോഫീസിൽ ഹിറ്റടിച്ച വാഴ ഒടിടിയിൽ സ്ട്രീം ചെയ്തതിന് പിന്നാലെ ഓവർറേറ്റഡ് എന്ന വിമർശനം ഉയർന്നു. വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രം ആനന്ദ് മേനോനാണ് സംവിധാനം ചെയ്തത്. ആഗസ്റ്റ് 15 നാണ് ചിത്രം റിലീസായത്. സോഷ്യൽ മീഡിയ താരങ്ങളായ ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, സിജു സണ്ണി, സാഫ് ബോയ്, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായത്. സെപ്റ്റംബർ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെയാണ് ചിത്രം സ്ട്രീംഗ് ആരംഭിച്ചത്.
എന്നാൽ ഒടിടിയിലെത്തിയ പിന്നാലെ ചിത്രത്തെ കിറീ മുറിച്ചുള്ള റിവ്യൂകളാണ് വരുന്നത്. ഇമോഷണൽ സീനുകളിൽ സോഷ്യൽ മീഡിയ താരങ്ങളുടെ പ്രകടനം മോശമെന്നാണ് പലരുടെയും വിമർശനം. ശരാശരിയിൽ ഒതുങ്ങേണ്ട ചിത്രത്തെ വലിയ സംഭവമാക്കിയെന്നും ചിലർ പോസ്റ്റുകൾ പങ്കുവച്ചു. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും വാഴ ശരാശരിക്കും താഴെയെന്നാണ് ചിലരുടെ വിമർശനം.
‘വാഴ’. ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് തിയേറ്ററിലെത്തിയത്. രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി വാഴയിലുണ്ടായിരുന്നു. വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.















