ന്യൂഡൽഹി: വഖഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ൻ. വഖഫിന്റെ ഗുണ്ടായിസം ഇനി നടക്കില്ലെന്നും സമൂഹത്തെ കൊള്ളയടിക്കുന്നതിന് വഖഫ് ഭരണഘടനയെ മറയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുപ്പതി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽ വിഎച്ച്പിയും ആർഎസ്എസും നടത്തി സന്നദ്ധ പ്രവർത്തനങ്ങളും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരാമർശിച്ചു. വയനാട്ടിൽ വിശ്വഹിന്ദുപരിഷത്തും ആർഎസ്എസും സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വയനാട്ടിൽ വഖഫ് ബോർഡ് എന്ത് സേവാ പ്രവർത്തനം ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
വഖഫിന്റെ പേരിൽ വൻ കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. സമൂഹത്തെ കൊള്ളയടിക്കുന്നതിന് വഖഫ് ഭരണഘടനയെ മറയാക്കുകയാണ്. ഡൽഹി ആറ് ക്ഷേത്രങ്ങളിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചു. വഖഫിന്റെ ഗുണ്ടായിസം നടക്കില്ലെന്നും ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ക്ഷേത്രങ്ങളുടെ ഭരണ പരിപാലന ചുമതല വിശ്വാസികൾക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ പണം പലപ്പോഴും ഹിന്ദു വിരുദ്ധരിലാണ് എത്തുന്നത്. ഇനി ഇത് അനുവദിച്ച് കൊടുക്കാൻ ആകില്ല. ക്ഷേത്രങ്ങളുടെ വിമോചനത്തിനായി വൻ പ്രക്ഷോഭത്തിന് വിശ്വ ഹിന്ദു പരിഷത്ത് തയ്യാറെടുക്കുകയാണെന്നും എല്ലാം സംസ്ഥാനങ്ങളിലും പ്രത്യേക ധർണ്ണ നടത്തുമെന്നും സുരേന്ദ്ര ജെയ്ൻ അറിയിച്ചു.















