രാജ്യത്തെ ഏറ്റവും സമ്പന്നമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം . ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ ഭൂലോകവൈകുണ്ഡമായാണ് ഭക്തർ കാണുന്നത് . കഴിഞ്ഞ വർഷം സ്വർണവിലയിൽ റെക്കോർഡ് വർധനയുണ്ടായെങ്കിലും ക്ഷേത്രത്തിലേക്ക് ഭക്തർ വൻതോതിൽ സ്വർണം സമർപ്പിച്ചിരുന്നു. ഏകദേശം 773 കോടി രൂപ വിലമതിക്കുന്ന 1031 കിലോ സ്വർണമാണ് 2023ൽ ക്ഷേത്രത്തിന് ലഭിച്ചത്. ഇന്ന് മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ച് പ്രസാദം നിർമ്മിച്ചതിന്റെ പേരിൽ വിവാദത്തിലാണ് തിരുപ്പതി .
ഛത്രപതി ശിവാജി മഹാരാജ് പോലും ദർശനത്തിനെത്തിയ ക്ഷേത്രമാണിത് . പ്രശസ്ത പണ്ഡിതൻ രാമചന്ദ്ര ചിന്ദാമൻ ധേരെ മഹാരാഷ്‌ട്രയും തിരുപ്പതി ബാലാജി ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ‘ശ്രീവെങ്കടേശ്വരനും ശ്രീകാളഹസ്തീശ്വറും’ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഭക്തർ നിരവധി നൂറ്റാണ്ടുകളായി ബാലാജി ദർശനത്തിനായി എത്തുന്നു.
മറാത്ത ഭരണാധികാരികളും ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ദർശനം തേടിയെത്തിയിട്ടുണ്ട് . ഛത്രപതി ശിവാജി മഹാരാജ് തന്റെ പട്ടാഭിഷേകത്തിനുശേഷം നടത്തിയ ദീർഘയാത്രയിൽ, തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമിയെ ദർശിച്ച ശേഷം കാളഹസ്തിയിൽ പോയി ദർശനം നടത്തിയതായും പറയപ്പെടുന്നു . മാത്രമല്ല ദക്ഷിണേന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി. പേഷ്വാ ബാജിറാവു തന്റെ ഭാര്യയ്‌ക്കും ,അമ്മയ്‌ക്കും ഒപ്പം ദർശനം നടത്തിയതായും അക്കാലത്ത് 20,000 രൂപ ക്ഷേത്രത്തിൽ കാണിക്കയായി നൽകിയതായും ‘തിരുപ്പതിയുടെ ചരിത്രം’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
ഫോർട്ട് സെൻ്റ് ജോർജ്ജിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറി റെക്കോർഡിലെ വാർത്താക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ‘ശിവാജി മഹാരാജ് ഗോവൽകൊണ്ടയിലാണ്. ഇരുപതിനായിരം കുതിരപ്പടയാളികളും നാൽപതിനായിരം കാലാളുകളുമായി അവർ നീങ്ങുന്നു. അയ്യായിരത്തോളം കുതിരപ്പടയാളികൾ, തിരുപ്പതി, കാളസ്തി എന്നിവിടങ്ങളിൽ അണിനിരന്നു. ഇന്ന് രാത്രി ഇവിടെനിന്ന് കാഞ്ചീപുരം എത്തും. അവർ ഒറ്റരാത്രികൊണ്ട് ഇത്രയും ദൂരം പോകുന്നത് പതിവാണ് ‘ എന്നാണ് കുറിപ്പിൽ പറയുന്നത് .















