ലക്‌നൗ: പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആഗോളതലത്തിൽ ‘ ബ്രാൻഡ് ഇന്ത്യ’യെ കൂടുതൽ ഉയർന്ന തലത്തിലേക്കെത്തിച്ചുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യക്ക് മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം സഹായകമായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യയെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു. ക്വാഡ് ഉച്ചകോടിയിൽ സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി 7.5 മില്യൺ ഡോളറിന്റെ സാമ്പത്തിക പിന്തുണ ഇന്ത്യക്ക് നൽകാൻ സാധിച്ചു. ആരോഗ്യമേഖലയിൽ ഇന്ത്യ എത്രത്തോളം വളർന്നുവെന്നത് ഇതിലൂടെ അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ദൃഢപ്പെടുത്തി. ‘ ശക്തി’ എന്ന പേരിൽ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിനും ഇരുരാജ്യങ്ങളും കൈകോർത്തിട്ടുണ്ട്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇത് സംബന്ധിച്ച വിഷയങ്ങളും ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വിഷയങ്ങളുടെ ചർച്ചകളിൽ ഭാഗമായിരുന്നു. റഷ്യ- യുക്രെയ്ൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ രാജ്യങ്ങളും ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സഹായം തേടുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുകൾ നിർണായകമാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.















