ന്യൂഡൽഹി: ഏഷ്യയുടേയും ലോകത്തിന്റേയും ഭാവിക്കായി ഇന്ത്യയുടേയും ചൈനയുടേയും ബന്ധം നിർണായകമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യ ഇപ്പോൾ മാറ്റങ്ങളുടെ കാലത്തിലാണെന്നും, അതിന് നേതൃത്വം നൽകുന്ന പ്രധാന ഘടകം ഇന്ത്യയാണെന്നും അദ്ദേഹം പറയുന്നു.
” ഏഷ്യ ഇന്ന് മാറ്റത്തിന്റെ കാലത്താനമള്ളത്. ഏഷ്യയിൽ ആ മാറ്റത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യയാണ്. ആഗോള തലത്തിൽ തന്നെ ഈ മാറ്റം വളരെ അധികം സ്വാധീനിക്കപ്പെടുന്നുണ്ട്. ഇന്ത്യ-ചൈന ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. ഏഷ്യയുടെ ഭാവി ലോകത്തിന് തന്നെ വളരെ അധികം കരുത്ത് പകരുന്നതാണ്. അതുകൊണ്ട് ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിയെ മാത്രമല്ല, ലോകത്തിന്റെ ഭാവിയേയും സ്വാധീനിക്കുന്നതാണ്.
നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ ഭാവിയിലെ മുന്നേറ്റങ്ങൾക്കായി തയ്യാറെടുക്കേണ്ടതുണ്ട്. അതിന് അനുകൂലമായ സാഹചര്യങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. റീബാലൻസിങ് എന്ന പ്രക്രിയയിലും ഏഷ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിൽ നല്ലൊരു ശതമാനവും ഏഷ്യയിലുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപത്തെ സാഹചര്യങ്ങളിൽ നിന്ന് വളരെ അധികം വ്യത്യസ്തമാണിത്. അധികം വൈകാതെ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥായായി മാറുമെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.















