പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് കന്ന് പൂട്ട് മത്സരം നടത്തിയതിൽ സംഘാടകർക്ക് എതിരെ കേസെടുത്തു. സെപ്തംബർ എട്ടിന് കൊളറോഡിൽ മത്സരം നടത്തിയവർക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിയമം ലംഘിച്ചാണ് കന്ന് പൂട്ട് മത്സരം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യ എന്ന സംഘടനയാണ് പരാതി നൽകിയത്. മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചുവെന്നും പെറ്റയുടെ പരാതിയിൽ പറയുന്നു.
കോടതിവിധികളും കേന്ദ്രസർക്കാർ ഉത്തരവുകളും കന്ന് പൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ‘പെറ്റ’ ഇന്ത്യയുടെ വാദം. അതേസമയം നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകർ പറഞ്ഞു.















