ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും, ആഗോള നേതാവെന്ന നിലയിൽ ഭാരതത്തിന്റെ പങ്കിനെ അത് കൃത്യമായി അടയാളപ്പെടുത്തിയെന്നും ഗഡ്കരി പ്രശംസിച്ചു. മോദി 3.0യിൽ ആഗോള രാഷ്ട്രതന്ത്രം ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമത്തിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയകരമായ അമേരിക്കൻ സന്ദർശനത്തിന് അഭിനന്ദനങ്ങൾ നേരുന്നു. മൂന്നാം മോദി സർക്കാരിൽ ആഗോള രാഷ്ട്രതന്ത്രം ഏറ്റവും മികച്ച നിലയിലാണുള്ളത്. അദ്ദേഹത്തിന്റെ മൂന്ന് ദിവസത്തെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ദൃഢമാക്കി. ആഗോള നേതാവെന്ന നിലയിൽ ഭാരതത്തിന്റെ സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.
ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി, യുഎസിലെ പ്രവാസി ഇന്ത്യക്കാരുമായി നടത്തിയ കൂടിക്കാഴ്ച തുടങ്ങീ എല്ലായിടത്തും പ്രധാനമന്ത്രിയുടെ പങ്കാളിത്തം കൃത്യമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം ലോകത്തിന്റെ നല്ലൊരു ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ആഗോളതലത്തിൽ മുന്നേറുന്നത് തുടരുകയാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് രംഗത്തെത്തി. കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം ഇടപെട്ട വിഷയങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെയാണ് ഇത് കാണിക്കുന്നതെന്നും എച്ച് ഡി കുമാരസ്വാമി ചൂണ്ടിക്കാട്ടി. ” വിജയകരമായി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളുടെ എണ്ണം ആരേയും അമ്പരപ്പിക്കുന്നതാണെന്നും” കുമാരസ്വാമി പ്രശംസിച്ചു.















