വയനാട്: എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും മടങ്ങിവരുന്നതിൽ രൂക്ഷ വിമർശനവുമായി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കുറ്റക്കാർ മടങ്ങി വരുന്നത് ഭരണത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിന് തെളിവാണെന്ന് സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.
” സംസ്ഥാന സർക്കാരിനോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. കൊലയാളികൾക്കൊപ്പം നിന്നവരെ കുറ്റവിമുക്തരാക്കുന്നത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കൽ. കേരള സർക്കാരിനെ ഒട്ടും വിശ്വസിക്കുന്നില്ല. ഭരണത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിന് ഉദാഹരണമാണ് എം കെ നാരായണന്റെയും കാന്തനാഥന്റെയും തിരിച്ചു വരവ്.”- സിദ്ധാർത്ഥിന്റെ കുടുംബം പറഞ്ഞു.
സംഭവത്തിൽ ഗവർണറെ വീണ്ടും കാണാനൊരുങ്ങുകയാണ് കുടുംബം. ഗവർണറുടെ വാക്കുകൾ ധിക്കരിച്ചാണ് സസ്‌പെൻഷനിലായവരെ തിരിച്ചെടുക്കുന്നതെന്നും മകന് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും സിദ്ധാർത്ഥിന്റെ അമ്മ ഷീബ പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എം കെ നാരായണനെയും കാന്തനാഥനെയും സസ്‌പെൻഡ് ചെയ്തത്. ഏഴ് മാസമായിരുന്നു സസ്പൻഷൻ. ഇരുവരെയും തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് പാലക്കാട് തിരുവിഴുന്നാംകുന്ന് കോളേജിലേക്ക് സ്ഥലം മാറ്റം നൽകിയത്.















