എറണാകുളം: പീഡന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചേക്കാമെന്ന സൂചനകൾ ഉയർന്നതിന് പിന്നാലെ തടസഹർജിയുമായി യുവ നടി. നടൻ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പായി തടസഹർജി നൽകിയിട്ടുണ്ടെന്ന് അതിജീവിത പറഞ്ഞു. അതേസമയം ഒളിവിൽ പോയ താരത്തിനായി തെരച്ചിൽ തുടരുകയാണ്.
സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാന സർക്കാരിന്റെയും തീരുമാനം. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിൽ പോയ സിദ്ദിഖിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചില്ലെന്നത് സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കുകയാണ്.
കേസിൽ സിദ്ദിഖിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഹോട്ടലുകൾ കേന്ദ്രീകരിച്ചും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചിൽ തുടരുകയാണ്. ഒളിവിൽ പോയ നടനായി ഇന്നലെ ലുക്കൗട്ട് സർക്കുലറും പൊലീസ് പുറത്തിറക്കിയിരുന്നു.