കോഴിക്കോട്: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഒരാൾക്ക് ആ സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ല. മുകേഷ് രാജിവെച്ച് ജനവിധി തേടുകയാണ് വേണ്ടത്. സ്ത്രീ ശക്തികരണത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നയാളാണ് പിണറായി വിജയൻ. എന്നാൽ സ്വന്തം പാർട്ടി എംഎൽഎ ബലാത്സംഗ കേസിൽ അറസ്റ്റിലായിട്ടും രാജിവെപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടൻ സിദ്ധിഖ് എവിടെയുണ്ടെന്ന് പൊലീസിന് വ്യക്തമായി അറിയാം. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള എല്ലാം ഒത്താശയും ചെയ്തു കൊടുക്കാനായാണ് അറസ്റ്റ് വെകിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എഡിജിപി- ഡിജിപി തർക്കം ബി ജെ പിയുടെ തലയിലിടാൻ നോക്കണ്ടെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ല. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണം. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമമാണ് നടക്കുന്നത്. നട്ടാൽ മുളയ്‌ക്കാത്ത നുണകളുമായാണ് സി പി എമ്മും കോൺഗ്രസും വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















