ആലപ്പുഴ: എരമല്ലൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ബൈക്ക് യാത്രികന്റെ ആക്രമണം. യാത്ര ചെയ്യുന്നതിനിടെ ചെളി തെറിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം.
എഴുപുന്ന സ്വദേശി സോമേഷ് ആണ് ആക്രമണം നടത്തിയത്. തന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് സോമേഷ് ബസ് തടഞ്ഞു നിർത്തിയ ശേഷം ചില്ല് എറിഞ്ഞുടയ്‌ക്കുകയായിരുന്നു. പിന്നാലെ ഡ്രൈവർ മാത്യുവിന്റെ തലയിൽ പെട്രോളൊഴിച്ച് മർദ്ദിക്കുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ പുറത്തിറങ്ങുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. സോമേഷിനെ കസ്റ്റഡിയിലെടുത്തതായും മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. സോമേഷിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.















