പനാജി: ജനവാസകേന്ദ്രത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്ന് 800 കിലോ മൃഗക്കൊഴുപ്പ് പിടിച്ചെടുത്തു. ഗോവ ഖരേബന്ദിലാണ് സംഭവം. അസ്ലം ബേപാരിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിൽ നിന്ന് വ്യാജനെയ്യ് ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്നുവെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ്
മൃഗസംരക്ഷണ വകുപ്പും മർഗോ പോലീസിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
നാലു നിലകളുള്ള കെട്ടിടത്തിൽ വൃത്തിഹിനമായ അവസ്ഥയിലാണ് മൃഗങ്ങളെ കശാപ്പ് ചെയ്തത്. മൃഗക്കൊഴുപ്പ് നിറച്ച വെച്ച 41 പാത്രങ്ങൾ, വലിയ കയറുകൾ, ഉണങ്ങിയതും ചീഞ്ഞതുമായ മാംസം എന്നിവ അധികൃതർ കണ്ടെടുത്തു. പ്രതികൾ മൃഗക്കൊഴുപ്പിൽ നിന്ന് നെയ്യ് തയ്യാറാക്കി പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കാണ് കൈമാറിയത്.
തിരുപ്പതി ലഡ്ഡു വിവാദങ്ങളുടെ വെളിച്ചത്തിലാണ് പരിസരവാസികൾ വിവരം അധികൃതരെ അറിയിച്ചത്. മാംസത്തിന്റെയും എല്ലിന്റെയും ഇടയിലായി കാണപ്പെടുന്ന കൊഴുപ്പ് കശാപ്പിന് ശേഷമാണ് പാത്രത്തിലാക്കി ശേഖരിക്കുന്നത്. തുടർന്ന് ഇവ ഉരുക്കി തണുപ്പിക്കുമ്പോൾ മൃദുവായ വെണ്ണയ്‌ക്ക് സമാനമായ ഒരു വസ്തു രൂപപ്പെടും. നെയ്യ്‌ക്ക് സമാനമായ രൂപവും ഘടനയുമുളള ഇവ തുച്ഛമായ വിലയ്‌ക്കാണ് കശാപ്പുകാർ വിൽക്കുന്നത്. ഹോട്ടലുകളിലും ബേക്കറികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.