അടുത്തിടെയാണ് നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നത്. താരം തന്നെയായിരുന്നു ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തന്റെ സമ്മതമില്ലാതെയാണ് രവി തീരുമാനമെടുത്തതെന്നും ഭാര്യ ആർതി പ്രതികരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവച്ചത് ഗായിക കെനിഷ ഫ്രാൻസിസ് ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനുപിന്നാലെ ഉയർന്നു. അതിനിടെയാണ് ജയംരവി പൊലീസിനെ സമീപിച്ചുവെന്ന പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വീട്ടിൽ നിന്ന് ആർതി തന്നെ പുറത്താക്കിയെന്നാണ് ജയംരവി ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ചെന്നൈയിലെ അഡയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് കേസെടുത്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ഇസിആർ റോഡിലുള്ള ആർതിയുടെ വസതിയിൽ നിന്ന് തന്നെ പുറത്താക്കി, ആ വീട്ടിലുള്ള തന്റെ വസ്തുക്കൾ തനിക്ക് തിരിച്ചുവേണം. അത് വീണ്ടെടുക്കുന്നതിനായി പൊലീസിന്റെ സഹായം വേണമെന്നുമാണ് രവി ആവശ്യപ്പെട്ടിരിക്കുന്നത്. ആർതിയുടെ വീട്ടിൽ കിടക്കുന്ന തന്റെ കാറുൾപ്പടെയുള്ള വസ്തുവകകൾ തിരിച്ചുവേണമെന്നാണ് നടന്റെ ആവശ്യം.
സെപ്റ്റംബർ ഒമ്പതിനായിരുന്നു വിവാഹമോചനം പ്രഖ്യാപിച്ച് ജയംരവി രംഗത്തെത്തിയത്. മക്കളുടെ കസ്റ്റഡിക്കായി നിയമപോരാട്ടം നടത്തുമെന്നും നടൻ പ്രതികരിച്ചിട്ടുണ്ട്. 15 വർഷം മുൻപായിരുന്നു രവിയും ആർതിയും തമ്മിൽ വിവാഹിതരായത്.















