2014 സെപ്തംബർ 25 നാണ് നരേന്ദ്രമോദി സർക്കാർ മേക്ക് ഇൻ ഇന്ത്യയ്‌ക്ക് തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉത്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ വീക്ഷിക്കുകയാണ്. ഇന്ന് മൊബൈൽ ഫോൺ മുതൽ പ്രതിരോധ സാമഗ്രികൾ വരെ കയറ്റുമതി ചെയ്യുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ ആഗോള രൂപകല്പന, നിർമ്മാണ ഹബ്ബാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതും മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളാണ്
എന്തുകൊണ്ട് മേക്ക് ഇൻ ഇന്ത്യ?
2014 ന് മുൻപ്, ഇന്ത്യയുടെ വളർച്ച സേവന മേഖലയെ ലക്ഷ്യം വെച്ചാണ്. ഈ സമീപനം ഹ്രസ്വകാലത്തേക്ക് ഫലം കണ്ടു. ഇന്ത്യയുടെ ഐടി, ബിപിഒ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. ഇന്ത്യയെ പലപ്പോഴും ‘ലോകത്തിന്റെ ബാക്ക് ഓഫീസ്’ എന്ന് വിളിക്കുകയും ചെയ്തു. 2013 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ സേവന മേഖലയുടെ വിഹിതം 57% ആയി ഉയർന്നെങ്കിലും, അത് തൊഴിൽ വിഹിതത്തിൽ 28% മാത്രമാണ് സംഭാവന ചെയ്തത്. അതിനാൽ, തൊഴിൽ വർദ്ധ പ്പിക്കുന്നതിന് ഉൽപ്പാദന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വിത്ത് പാകാൻ നരേന്ദ്രമോദി സർക്കാരിനെ പ്രേരിപ്പിച്ചത്.
എന്താണ് മേക്ക് ഇൻ ഇന്ത്യ ?
ആഭ്യന്തര ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കാനും രാജ്യത്തേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് മേക്ക് ഇൻ ഇന്ത്യ. രാജ്യത്തിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചിക മെച്ചപ്പെടുത്തുന്നതിലൂടെ, വിദേശ സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കുകയും ഇന്ത്യയെ ക്രമേണ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി വികസിപ്പിക്കുകയും രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ദീർഘകാല ലക്ഷ്യം.
ലക്ഷ്യങ്ങൾ
1. ഉൽപ്പാദന മേഖലയിലെ വളർച്ച പ്രതിവർഷം 12-14% ആയി ഉയർത്തുക.
2. നിർമ്മാണ മേഖലയിൽ 100 ദശലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
3. ജിഡിപിയിൽ ഉൽപ്പാദനമേഖലയുടെ വിഹിതം 25% ആയി ഉയർത്തും.
4. ഇന്ത്യൻ ഉൽപ്പാദന മേഖലയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുക
നേട്ടങ്ങൾ
1. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
2. സാമ്പത്തിക വളർച്ച വിപുലീകരിച്ച് ജിഡിപി വർദ്ധിപ്പിക്കുക.
3. വിദേശനിക്ഷേപം വർദ്ധിക്കുമ്പോൾ രൂപ ശക്തിപ്പെടും.
4. ചെറുകിട നിർമ്മാതാക്കൾക്ക് ഊർജം ലഭിക്കും.
5. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ, വിവിധ മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകളും അവർക്കൊപ്പം കൊണ്ടുവരും.
6. ഗ്രാമീണ മേഖലകളിൽ ഉൽപ്പാദന കേന്ദ്രങ്ങളും ഫാക്ടറികളും സ്ഥാപിക്കുന്നത് ഈ മേഖലകളുടെ വികസനത്തിനും പ്രോത്സാഹനം നൽകും