ന്യൂഡൽഹി: വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പ്രിയമേറുന്നു. നഗരവാസികളുടെ അടുക്കളകളിലും ഇവ ആധിപത്യമുറപ്പിച്ചിരിക്കുകയാണെന്നാണ് പുതുതായി പുറത്തുവന്ന സർവ്വേ സൂചിപ്പിക്കുന്നത്. 31ശതമാനം നഗരവാസികളും പലചരക്കുസാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്നത് ഓൺലൈൻ ഇൻസ്റ്റന്റ് ഡെലിവറി പ്ലാറ്റ്ഫോമുകളെയാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ഡൽഹി, ഗുഡ്ഗാവ്, നോയിഡ, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, ലുധിയാന, ജയ്പൂർ, അഹമ്മദാബാദ്, ഇൻഡോർ, കോയമ്പത്തൂർ, പട്‌ന, ഭുവനേശ്വർ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലെ 4,500 ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ടിടി സ്റ്റോറുകൾ, ഓൺലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്ന 18-65 വയസ് പ്രായമുള്ള ആളുകളുടെ ഷോപ്പിംഗ് ശീലങ്ങളാണ് സർവേയിലൂടെ പരിശോധിച്ചത്. 42 ശതമാനം പേർ ‘റെഡി ടു ഈറ്റ്’ ഭക്ഷണങ്ങളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഓർഡർ ചെയ്യുന്നത്. മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണം കൂടുതൽ.















