തക്കല : തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി കന്യാകുമാരി നിവാസികൾ സമുചിതമായി ആഘോഷിച്ചു.
കന്യാകുമാരി ജില്ലയുടെ പ്രധാന ജല ശ്രോതസ്സായ പേച്ചിപ്പാറ അണക്കെട്ട് നിർമ്മിച്ചത് ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഇച്ഛാ ശക്തി ഒന്ന് കൊണ്ട് മാത്രമാണ്. തേങ്ങാപ്പട്ടണത്തിനടുത്ത് അറബിക്കടലിൽ ചേരുന്ന കോതയാറിലെ ജലം കന്യാകുമാരിയിലും പരിസര പ്രദേശങ്ങളിലുമുള്ള കൃഷിഭൂമിയുടെ ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. അന്ന് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയുടെ കാർഷിക ആവശ്യങ്ങൾക്ക് ഇത് വലിയ ഉത്തേജനമാണ് നൽകിയത്.

യൂറോപ്യൻ എഞ്ചിനീയറായ ശ്രീ. ഹംഫ്രെ അലക്സാണ്ടർ മിഞ്ചിൻ ആണ് പേച്ചിപ്പാറ അണക്കെട്ട് നിർമ്മിച്ചത്. 1897 മുതൽ 1906 വരെ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപ ഇതിനായി ചെലവായി.പേച്ചിപ്പാറ അണക്കെട്ട് കന്യാകുമാരിയിൽ നിന്ന് 58 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്ററും അകലെ കോതയാറിലാണ് . പേച്ചിപ്പാറ അണക്കെട്ടിന്റെ മറുവശത്ത് കാണി ഗോത്രവർഗക്കാർ താമസിക്കുന്ന തോട്ടമല, തച്ചമല മലനിരകളാണ്. പേച്ചിയമ്മൻ ക്ഷേത്രമാണ് പേച്ചിപ്പാറ അണക്കെട്ടിന്റെ പ്രധാന ആകർഷണം. ഇന്നും PWD എഞ്ചിനീയർമാർ പേച്ചിയമ്മനെ പ്രാർത്ഥിച്ചതിന് ശേഷമാണ് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നത്.

അതിന്റെ പ്രകൃതി ഭംഗിയും ചുറ്റുമുള്ള പരിസ്ഥിതിയും ഇന്ന് ഇതിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി.മനോഹരമായ കാടും പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലവും അതിശയകരമായ കാഴ്ചകൾ സമ്മാനിക്കുന്നു.
തന്റെ പൂർവികരുടെ സ്വപ്ന പദ്ധതിയായിരുന്ന പേച്ചിപ്പാറ അണക്കെട്ട് മാത്രമല്ല, ഇന്നത്തെ കന്യകുമാരി ജില്ലയുടെ വികസനത്തിന് വിത്തുപാകിയ വിവിധ പദ്ധതികളുടെ സ്രഷ്ടാവ് കൂടിയാണ് ശ്രീ മൂലംതിരുനാൾ മഹാരാജാവ്.

1857 സെപ്തംബർ 25-ന് ജനിച്ച ശ്രീ മൂലം തിരുനാൾ 1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചു. വിദ്യാഭ്യാസ, തപാൽ മേഖലകളിൽ വിവിധ സുപ്രധാന പ്രവർത്തനങ്ങൾ അദ്ദേഹം ഏറ്റെടുത്തു. പൊതുഗതാഗതത്തിന്റെ തുടക്കക്കാരൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭരണാധികാരത്തിൽ ജനപ്രതിനിധികൾക്ക് ഒരു പങ്ക് നൽകി ജനാധിപത്യത്തിന് തുടക്കമിട്ടത്. ശ്രീമൂലം പ്രജാ സഭ എന്ന ആ സമിതി കേരത്തിലെ ജനാധിപത്യത്തിന്റെ മൂലക്കല്ലായി നിലകൊള്ളുന്നു.
പദ്ധതികൾ നടപ്പാക്കുക മാത്രമല്ല മികച്ച ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും , ആദരിക്കുകയും അദ്ദേഹം ചെയ്തു. പേച്ചിപ്പാറ അണക്കെട്ടിന്റെ നിർമ്മാണത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച എഞ്ചിനീയർ അലക്സാണ്ടർ മിഞ്ചന് തന്റെ ആഗ്രഹം പോലെ തിരുവിതാംകൂറിൽ തന്നെ ജോലി തുടരാൻ അദ്ദേഹം അവസരമൊരുക്കി, മരണശേഷം പേച്ചിപ്പാറ അണക്കെട്ടിന് സമീപം ഒരു ശവകുടീരം നിർമ്മിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്തി.

അനുസ്‌മരണ യോഗത്തിൽ വില്ലുച്ചാരിമലയുടെ കാണി ആയ കേന്ദ്രൻ കാണി അധ്യക്ഷനായ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണൻ, നാഗർ കോവിൽ എം എൽ എ എം ആർ ഗാന്ധി, പ്രശസ്ത ചരിത്രകാരൻ വെങ്ങാനൂർ ബാലകൃഷ്‌ണൻ, കണ്ണൻ ജി, ചരിത്ര ഗവേഷകൻ സുബ്രഹ്മണ്യ പിള്ള, ബിജെപി ജില്ലാ അധ്യക്ഷൻ ധർമ്മരാജ്, കൊല്ലങ്കോട് അരുൺ കുമാർ, എന്നിവർ പങ്കെടുത്തു. ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി ആഘോഷ സമിതി പ്രസിഡന്റ് എൻ അയ്യപ്പൻ സ്വാഗതം പറഞ്ഞു.















