ഒരേസമയം ആശ്വാസവും വേദനയും നൽകുന്ന വാർത്തയായിരുന്നു ഷിരൂരിൽ നിന്ന് പുറത്തുവന്നത്. കാണാതായ അർജുനെയും അദ്ദേഹത്തിന്റെ ലോറിയുടെ ക്യാബിനും രണ്ടര മാസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. ക്യാബിനുള്ളിലെ ഭൗതികാവശിഷ്ടങ്ങൾ അർജുന്റേതാണെന്ന് ദൗത്യസംഘം ഉറപ്പിച്ചുകഴിഞ്ഞു. ഡ്രെഡ്ജർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലായിരുന്നു മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയത്. ക്യാബിനുള്ളിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം കുടുംബത്തിന് കൈമാറും. ഒപ്പം അർജുനെ പോലെ ഷിരൂരിൽ കാണാമറയത്തേക്ക് പോയ മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയും ചെയ്യും.
അർജുന്റേതായി എന്തെങ്കിലുമൊന്ന് ഗംഗാവലി പുഴയിൽ നിന്ന് ലഭിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി അർജുന്റെ കുടുംബവും ലോകത്തെമ്പാടുമുള്ള മലയാളികളും. കാത്തിരിപ്പിന് ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയപ്പോൾ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ് നടി മഞ്ജു വാര്യരും. അർജുന്റെ വേർപാടിൽ അനുശോചനം അറിയിച്ച് അവർ കുറിപ്പും പങ്കുവച്ചു.
“മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ. ഒരുപിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും.”- മഞ്ജു വാര്യർ കുറിച്ചു.















