അർജുനെ കാണാതായി 70 ദിവസം പിന്നിട്ടപ്പോൾ ഷിരൂരിൽ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന വാർത്ത ഒരേസമയം നൊമ്പരപ്പെടുത്തുന്നതും ആശ്വാസം പകരുന്നതുമായിരുന്നു. അർജുൻ ഇനി മടങ്ങിവരില്ലെന്നത് തീരാദുഃഖമായി മാറിയപ്പോൾ, ഷിരൂരിലെ ആ വലിയ ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചുവെന്നതാണ് ആശ്വാസമാകുന്നത്.
അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായ മനാഫ്, അർജുനെ കാണാതായ ദിവസം മുതൽ തെരച്ചിൽ ദൗത്യത്തിനായി രാവും പകലുമില്ലാതെ ഷിരൂരിലുണ്ടായിരുന്നു. ഒടുവിൽ ക്യാബിൻ കണ്ടെത്തിയ നിമിഷം മനാഫ് വിങ്ങിപ്പൊട്ടി. കണ്ഠമിടറിക്കൊണ്ട് മാദ്ധ്യമങ്ങളോട് മനാഫ് പറഞ്ഞ വാക്കുകളിങ്ങനെ..
“സന്തോഷിക്കാൻ എനിക്ക് കഴിയില്ല. കിട്ടിയതിൽ സമാധാനമുണ്ട്. കാരണം, കഴിഞ്ഞ ഇത്രയും നാൾ പ്രയത്നിച്ചത് ഇതിനുവേണ്ടി ആയിരുന്നു. അവനെ കിട്ടണം, കിട്ടണം എന്നുതന്നെയായിരുന്നു മനസിൽ, ശരിക്കൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി..
അർജുന്റെ കുടുംബത്തിന് ഒരു ഉത്തരം ലഭിക്കുക എന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്. അവനെ ഗംഗാവലി പുഴയ്ക്ക് വിട്ടുകൊടുത്തില്ല. ക്യാബിനുള്ളിൽ അവൻ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അർജുന്റെ അമ്മയ്‌ക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞു. ഈ തെരച്ചിലിന് വേണ്ടി ഒരുപാട് അധ്വാനിക്കേണ്ടി വന്നു. തോൽക്കാനുള്ള മനസില്ലായിരുന്നു. അമ്മയ്‌ക്ക് കൊടുത്ത വാക്കുപാലിച്ചു.
കുറേ പേർ വിമർശിച്ചിരുന്നു, അതിനുള്ള മറുപടി കൂടിയാണിത്. ഒരു കാര്യത്തിനായി തുനിഞ്ഞിറങ്ങിയാൽ എന്ത് ലഭിക്കും എന്നതിനുള്ള ഉത്തരമാണ് ഷിരൂരിൽ ഇന്നുകണ്ടത്. ഒരുപാട് പേർ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഒരാൾ ഒരു പ്രയാസം പറഞ്ഞാൽ പരിഹസിക്കാതെ കൂടെ നിൽക്കുകയാണ് വേണ്ടത്. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തരുത്.” – മനാഫ് പറഞ്ഞു..
ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ച അർജുന്റെ ഭൗതികദേഹാവശിഷ്ടങ്ങൾ നിലവിൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ കുടുംബത്തിന് കൈമാറും.















