ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്ത ‘അമ്മയുടെ പേരിൽ ഒരു മരം’ ക്യാമ്പെയിൻ വിജയകരമായി ലക്ഷ്യം പൂർത്തീകരിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. സെപ്റ്റംബറോടെ 800 ദശലക്ഷം വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുക എന്നതായിരുന്നു ക്യാമ്പെയിന്റെ ലക്ഷ്യം.
സർക്കാർ ഏജൻസികൾ, പഞ്ചായത്തുതല സ്ഥാപനങ്ങൾ, ജനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് രാജ്യവ്യാപകമായി ആരംഭിച്ച ക്യാമ്പെയിനാണ് ‘അമ്മയുടെ പേജിൽ ഒരു മരം’. അമ്മമാരോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ബഹുമാനത്തിന്റെയും അടയാളമായി വൃക്ഷതൈകൾ നടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്യാമ്പെയിന് തുടക്കം കുറിച്ചത്.
ഞായറാഴ്ച രാജസ്ഥാനിലെ ജയ്‌സാൽമീറിലെ ഏഴ് സ്ഥലങ്ങളിലായി ഒരു മണിക്കൂറിനകം 5 ലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഈ ദൗത്യം ലോകറെക്കോർഡും സ്വന്തമാക്കി. പരിസ്ഥിതി മന്ത്രാലയവും ടെറിറ്റോറിയൽ ആർമിയുമാണ് ഇതിന് നേതൃത്വം നൽകിയത്.