ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് പാരസെറ്റമോൾ അടക്കമുള്ള 50 മരുന്നുകൾ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) പുറത്തുവിട്ട റിപ്പോർട്ടിൽ Not of Standard Quality (NSQ) വിഭാഗത്തിലാണ് നിത്യോപയോഗ മരുന്നുകൾ പലതും ഇടംപിടിച്ചത്. കാൽത്സ്യം, വിറ്റമിൻ ഡി3 സപ്ലിമെന്റുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനുള്ള മരുന്നുകൾ, പാരസെറ്റമോൾ എന്നിവ അടക്കം 53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു. പ്രതിമാസ സാമ്പിൾ പരിശോധന നടത്തിയപ്പോഴാണ് സംഭവം.
വിറ്റമിൻ സി, ഡി3 ടാബ്ലെറ്റുകളായ ഷെൽക്കൽ (Shelcal), വിറ്റമിൻ ബി കോപ്ലംക്സ്, വിറ്റമിൻ സി സോഫ്റ്റ്ജെൽസ്, ആന്റിആസിഡ് പാൻ-ഡി, പാരസെറ്റബോൾ ടാബ്ലെറ്റ് ഐപി 500 mg, ആന്റി-ഡയബറ്റിക് ഡ്രഗ് Glimepiride, ബിപി ഡ്രഗ് Telmisartan എന്നിവയെല്ലാം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു.
Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), Karnataka Antibiotics & Pharmaceuticals Ltd, Meg Lifesciences, Pure & Cure Healthcare എന്നീ കമ്പനികളാണ് ഈ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്. വയറുസംബന്ധമായ അണുബാധകൾക്ക് പൊതുവെ ഡോക്ടർമാർ നിർദേശിക്കുന്ന Metronidazole എന്ന മരുന്നും ഗുണനിലവാരമില്ലാത്ത ഡ്രഗ്സിന്റെ പട്ടികയിലുണ്ട്. PSU Hindustan Antibiotic Limited ആണ് ഇതിന്റെ നിർമാതാക്കൾ. Karnataka Antibiotics & Pharmaceuticals Ltd നിർമിക്കുന്ന പാരസെറ്റമോളും പ്രതിമാസ ടെസ്റ്റ് പാസായില്ല.















