ന്യൂഡൽഹി: സൈനികരുടെ സുരക്ഷ ഉറപ്പാക്കാനും ഏറ്റുമുട്ടലുകളിൽ അപകടസാധ്യത കുറയ്‌ക്കാനും സഹായിക്കുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO). ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(IIT)യിലെ ഗവേഷകരുമായി ചേർന്നാണ് DRDO രണ്ട് തരം ABHD ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ജാക്കറ്റുകളെ BIS ലെവൽ 5, BIS ലെവൽ 6 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. 8 കിലോഗ്രാം ഭാരമുള്ള BIS ലെവൽ 5 ജാക്കറ്റുകൾ ഹാർഡ് സ്റ്റീൽ കോർ (HSC), മൈൽഡ് സ്റ്റീൽ കോർ (MSC), എകെ-47 റൈഫിളുകളിൽ നിന്നുള്ള SLR ബുള്ളറ്റുകൾ എന്നിവയ്‌ക്കെതിരെ സംരക്ഷണം നൽകുന്നു. 9.3 കിലോഗ്രാം ഭാരമുള്ള BIS ലെവൽ 6 ജാക്കറ്റുകൾ 25 മില്ലീമീറ്ററിൽ താഴെയുള്ള സ്‌നൈപ്പർ ബുള്ളറ്റുകൾക്കെതിരെയും എകെ-47 റൈഫിളുകൾക്കെതിരെയും സംരക്ഷണം നൽകും.
ജാക്കറ്റുകൾ സൈനികർക്ക് 360 ഡിഗ്രി സംരക്ഷണം ഉറപ്പാക്കും. പോളിമറുകൾ, തദ്ദേശീയ ബോറോൺ കാർബൈഡ് സെറാമിക് വസ്തുക്കൾ എന്നിവയിൽ നിന്നാണ് ജാക്കറ്റുകളുടെ നിർമ്മാണം. ജാക്കറ്റുകൾക്കുള്ള കവച പ്ലേറ്റുകൾ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള ആവശ്യമായ എല്ലാ ഗവേഷണങ്ങളും ടെസ്റ്റുകളും പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.