മുംബൈ: കനത്ത മഴയെ തുടർന്ന് മുബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിർത്താതെ പെയ്ത മഴയിൽ നഗരത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയിൽവെ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
വൈകിട്ട് 5:30 നും 8:30 നും ഇടയിൽ, മുംബൈയിലെ പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുളുന്ദ്, ഘാട്കോപ്പർ, വോർളി, ചെംപൂർ എന്നിവിടങ്ങളിലാണ് ശക്തമായ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സർവീസുകൾക്കും തടസപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന് ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. എയർലൈനുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.















