ബെയ്റൂത്ത്: ലെബനനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വ്യോമാക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ യാത്ര പാടില്ലെന്ന് എംബസി അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് ഒന്നിന് എംബസി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിരുന്നു. എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദ്ദേശം നൽകിയിരുന്നു. beirut@mea.gov.in അല്ലെങ്കിൽ +96176860128 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 558 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 50 പേർ കുട്ടികളാണെന്നും കുറഞ്ഞത് 1,835 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ 1,600 ലധികം ലക്ഷ്യങ്ങൾ വ്യോമസേന തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി അറിയിച്ചു. ഇതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിലാണ് എംബസി വീണ്ടും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
Advisory dated 25.09.2024 pic.twitter.com/GFUVYaqgzG
— India in Lebanon (@IndiaInLebanon) September 25, 2024















