ടെൽഅവീവ്: ലെബനനിൽ ഇസ്രായേൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് സൈനിക മേധാവി ഹെർസി ഹലേവി. ഇസ്രായേലിന് ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾ കനത്തതിന് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇസ്രായേൽ നൽകിയത്. ഹിസ്ബുള്ള എല്ലാപരിധികളും ലംഘിച്ചിരിക്കുകയാണെന്നും, വൈകാതെ തന്നെ അവർക്ക് ശക്തമായ മറുപടി നൽകുമെന്നും ഹലേവി വ്യക്തമാക്കി.
ലെബനനിൽ കര ആക്രമണം നടത്താൻ തങ്ങൾ ഉടൻ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ഇസ്രായേലിന്റെ പല മേഖലകളിലേക്കും റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ ഇസ്രായേലും തീരുമാനിക്കുന്നത്. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ നഗരമായ എലേറ്റിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ ഡ്രോൺ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താമസിക്കുന്നവർ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. ഇതോടെയാണ് തങ്ങളുടെ പൗരന്മാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സുരക്ഷിതമായി താമസിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്.
മൊസാദിന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തേക്കും ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഹിസ്ബുള്ളയുടെ വാദങ്ങൾ തള്ളി സൈന്യം രംഗത്തെത്തിയിരുന്നു. ടെൽ അവീവിൽ ഉൾപ്പെടെ ഇസ്രായേലിന്റെ പലയിടങ്ങളിലും ആക്രമണ മിസൈലുകൾ തടയാൻ സാധിച്ചതായി സൈനിക ഉദ്യോഗസ്ഥർ പറയുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.















