ബേൺ: ‘സൂയിസൈഡ്’ പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് 64 കാരിയായ യുഎസ് വനിത. ആത്മഹത്യ ചെയ്യാൻ ഇവരെ സഹായിച്ചവരെയും പ്രേരണ നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ‘സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കുന്ന സ്വിറ്റ്‌സർലൻഡിലെ ആദ്യ വ്യക്തിയാണ് ഇവർ.
സ്വിസ്-ജർമ്മൻ അതിർത്തിയോട് ചേർന്നുള്ള മെരിഷൗസെൻ പ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഒരു നിയമ സ്ഥാപനമാണ് സൂയിസൈഡ് പോഡിന്റെ ഉപയോഗത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയത്.
സാർകോ എന്ന പോർട്ടബിൾ, 3D പ്രിൻ്റഡ് ചേംബറാണ് സൂയിസൈഡ് പോഡുകൾ. സാർക്കോഫാഗസ് എന്നതിന്റെ ചുരുക്കപ്പേരായ “സാർക്കോ”, ഒരു ബട്ടൺ അമർത്തിയാൽ മരിക്കാൻ സഹായിക്കുന്ന വിവാദ ആത്മഹത്യ പോഡ് ആണ്.
അസിസ്റ്റഡ് ഡൈയിംഗ് ഗ്രൂപ്പായ ‘ലാസ്റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ ജൂലൈയിൽ സൂറിച്ചിലാണ് ‘സാർകോ പോഡ്’ അവതരിപ്പിക്കുന്നത്. ചേമ്പറിനുള്ളിൽ പ്രവേശിക്കുന്ന വ്യക്തി ബട്ടൺ അമർത്തുന്നതോടെ ഇതിനുള്ളിൽ നൈട്രജൻ വാതകം നിറയുകയും ഓക്‌സിജന്റെ അളവ് കുറഞ്ഞ് മരണം സംഭവിക്കുകയും ചെയ്യും.
സ്വിറ്റ്‌സർലൻഡിൽ സജീവ ദയാവധം നിരോധിച്ചിട്ടുണ്ടെങ്കിലും സഹായത്തോടുകൂടിയ ആത്മഹത്യ അനുവദനീയമാണ്. എന്നാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ മറ്റുള്ളവരുടെ സമ്മർദ്ദമോ സ്വാധീനമോ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.















