തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നോട്സ് ഉൾപ്പെടെയുളളവ വാട്സപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ നൽകുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന ബാലവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഉത്തരവ്.
നോട്സ് ഉൾപ്പെടെയുള്ളവ വാട്സപ്പിലൂടെ നൽകുമ്പോൾ പ്രിന്റ് ഔട്ട് എടുക്കുന്നത് അധിക ചെലവ് വരുത്തിവെക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു കൂട്ടം രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ അടിയന്തര തീരുമാനം എടുക്കാൻ കമ്മീഷൻ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയത്.
കൊറോണ മഹാമാരിയുടെ കാലത്ത് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും നിലവിൽ നോട്സ് ഉൾപ്പെടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ നൽകുന്നത് നേരിട്ടുള്ള പഠനാനുഭവം ഇല്ലാതാക്കുമെന്നും സർക്കുലറിൽ പറയുന്നു. ഈ കാര്യം നിരീക്ഷിക്കുന്നതിനുവേണ്ടി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്കൂളുകളില്‍ സന്ദര്‍ശനം നടത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു.















