തിരുപ്പതി പ്രസാദത്തിൽ മായം കലർന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ 11 ദിവസത്തെ പ്രായശ്ചിത്ത ദീക്ഷ ആരംഭിച്ചിരുന്നു . സനാതന വിശ്വാസങ്ങൾക്കേറ്റ മുറിവിന് ഭഗവാനോട് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു .
പവൻ കല്യാണിന്റെ പ്രായശ്ചിത്ത പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 4 ദിവസം ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനസേന അറിയിച്ചു. സനാതന ധർമ്മ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന് ജനസേന ആഹ്വാനം ചെയ്തു.പ്രായശ്ചിത്ത പദ്ധതിക്ക് പിന്തുണയുമായി തിരുപ്പതിയിലെ ഓട്ടോനഗറിലെ ശിവാലയത്തിൽ മഹാഹോമം നടത്തി. ജനസേന എംഎൽഎ അരണി ശ്രീനിവാസുലുവും ഭാര്യയും ഹോമത്തിൽ പങ്കെടുത്തു.
ദീക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച വിജയവാഡ കനകദുർഗമ്മ ക്ഷേത്രത്തിന്റെ പടികൾ പവൻ കല്യാൺ കഴുകി വൃത്തിയാക്കി . ഈ മാസം 30-ന് ദീപാരാധന, ഒക്ടോബർ ഒന്നിന് ‘ഓം നമോ നാരായണായ’ മന്ത്രജപം, രണ്ടിന് നഗര സങ്കീർത്തനം, മൂന്നിന് ക്ഷേത്രങ്ങളിൽ ഭജന പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
പാർട്ടി നേതാക്കളുടെയും സ്ത്രീകളുടെയും അണികളുടെയും നേതൃത്വത്തിലാകും പരിപാടികൾ നടത്തുക . സനാതന ധർമ്മം വരും തലമുറകൾക്ക് കൈമാറാനുള്ള മഹത്തായ പരിപാടിയായിരിക്കും ഇതെന്ന് ജന സേന പറഞ്ഞു . 30-ന് വൈകീട്ട് ക്ഷേത്രങ്ങളിൽ ദീപം തെളിയിച്ച് പൂജകൾ നടത്തണം, ഒക്ടോബർ ഒന്നിന് ക്ഷേത്രങ്ങളിലും യോഗാകേന്ദ്രങ്ങളിലും വീടുകളിലും എല്ലാവരും ‘ഓം നമോ നാരായണായ’ എന്ന മന്ത്രം ജപിക്കണം.
ഒക്ടോബർ രണ്ടാം തീയതി നഗര സങ്കീർത്തന പരിപാടികൾ നടക്കും . ദീക്ഷയുടെ അവസാന ദിവസമായ മൂന്നാം തീയതി ക്ഷേത്രങ്ങളിൽ ഭജന പരിപാടികൾ സംഘടിപ്പിക്കാൻ ജനസേന പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഈ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഒക്ടോബർ ഒന്നിന് തിരുമലയിലെത്തുന്ന പവൻ കല്യാൺ ഒക്ടോബർ രണ്ടിന് ക്ഷേത്ര ദർശനം നടത്തും.