യുഎഇയിൽ സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ നാല് ആർമി ഉദ്യോഗസ്ഥർ മരിച്ചു. ഒൻപത് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ചികിത്സയിൽ കഴിയുന്ന സൈനികരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് മസ്ജിദിലായിരുന്നു സൈനികരുടെ സംസ്കാര ചടങ്ങുകൾ നടന്നത്. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അജ്മാൻ ഭരണാധികാരിയും കിരീടാവകാശിയും സൈനികരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും അനുശോചനം അറിയിച്ചു.













