ന്യൂഡൽഹി: ഭർത്താവ് മരിച്ച സ്ത്രീക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പാറ്റ്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ ശക്തമായി അപലപിച്ച് സുപ്രീംകോടതി. 1985-ലെ കൊലപാതക കേസിൽ അഞ്ച് പ്രതികളുടെ ശിക്ഷ ശരിവെച്ച് കൊണ്ടുള്ള വിധിയിലാണ് മേക്കപ്പ് ഉപയോഗത്തെ കുറിച്ച് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്.
വീടിന്റെ ഉടമസ്ഥാവകാശം തട്ടിയെടുക്കാൻ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. വീട്ടിൽ നിന്നും കണ്ടെത്തിയ മേക്കപ്പ് സാധനങ്ങൾ കൊല്ലപ്പെട്ട സ്ത്രീയുടേത് തന്നെ ആയിരിക്കുമെന്നും കൂടെ താമസിച്ച സ്ത്രീ വിധവയായതിനാൽ അവർക്ക് അതിന്റെ ആവശ്യമില്ലല്ലോ എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം വിമർശന വിധേയമായത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഒരു ജുഡീഷ്യൽ സ്ഥാപനത്തിൽ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും ചൂണ്ടിക്കാട്ടി. ഒപ്പം തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു.