ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് പിയറി പൊയിലിവറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 338 അംഗ സഭയിൽ 211 വോട്ടോടെ അവിശ്വാസ പ്രമേയം തള്ളുകയായിരുന്നു. ന്യൂഡെമോക്രാറ്റിക് പാർട്ടിയും, Bloc Québécois പാർട്ടിയും അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ജസ്റ്റിൻ ട്രൂഡോക്ക് നൽകിയ പിന്തുണ സെപ്റ്റംബർ ആദ്യവാരത്തിലായിരുന്നു ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. കനേഡിയൻ ലിബറൽ പാർട്ടി രാജ്യത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. അദ്ധ്യക്ഷൻ ജംജിത് സിംഗാണ് പാർട്ടി പിന്തുണ പിൻവലിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.
വർധിച്ചുവരുന്ന ജീവിതച്ചെലവ്, പാർപ്പിട പ്രതിസന്ധി, കുറ്റകൃത്യങ്ങളുടെ വർദ്ധനവ് എന്നിവ പരിഹരിക്കുന്നതിൽ ട്രൂഡോ സർക്കാർ പരാജയപ്പെട്ടുവെന്ന് കൺസർവേറ്റീവ് പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രൂഡോ സർക്കാരെ അവിശ്വാസ പ്രമേയത്തിൽ വീഴ്‌ത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ പ്രമേയത്തെ അതിജീവിക്കുകയായിരുന്നു ട്രൂഡോ സർക്കാർ.
ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും, ബ്ലോക് ക്യുബെക്വോയിസ് പാർട്ടിയും അവിശ്വാസത്തെ പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ നീക്കം. എന്നാൽ ട്രൂഡോ സർക്കാർ വീഴുകയും കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വരികയും ചെയ്താൽ ജനകീയ ആരോഗ്യ പദ്ധതികൾ നിർത്തലായേക്കുമെന്ന ആശങ്കയിലാണ് ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ നൽകാതിരുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് 68 ശതമാനത്തോളം ഉയർന്നുനിന്നിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ജനസമ്മതി 28% ആയി ഇക്കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്നിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ പിന്തുണയോടെ അധികാരത്തിൽ തുടർന്നിരുന്ന ജസ്റ്റിൻ ട്രൂഡോക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. അവിശ്വാസപ്രമേയ കടമ്പ കടക്കാനായെങ്കിലും രാഷ്‌ട്രീയ പ്രതിസന്ധികൾ ഇനിയും ട്രൂഡോയ്‌ക്ക് മുന്നിലുണ്ട്.