ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രീയയിൽ അതീവ സംതൃപ്തി പ്രകടിപ്പിച്ച് വിദേശ പ്രതിനിധികൾ. യുഎസ്, സിങ്കപ്പൂർ , നോർവെ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരാണ് വിദേശകാര്യമന്ത്രാലത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി കശ്മീരിൽ എത്തിയത്.
മെക്സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. അവർ ആദ്യം ബുദ്ഗാമിലെ ഓംപോറയിലും പിന്നീട് ശ്രീനഗറിലെ പോളിംഗ് സ്റ്റേഷനും സന്ദർശിച്ചു.
വോട്ടിംഗ് പ്രക്രിയ ആരോഗ്യകരവും ജനാധിപത്യപരവുമാണെന്ന് ഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോർഗൻ. കെ. ആൻഡ്യൂസ് പറഞ്ഞു. പൂർണ്ണമായും സ്ത്രീ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ” പിങ്ക് പോളിംഗ് സ്റ്റേഷനുകൾ” എന്ന ആശയം മികച്ചതാണെന്ന് ദക്ഷിണ കൊറിയൻ നയതന്ത്രജ്ഞൻ സാങ് വൂ ലിം പറഞ്ഞു.
ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 56 ശതമാനത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ജമ്മു മേഖലയിലെ പ്രശ്ന ബാധിത ജില്ലകളായ റിയാസി, രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ ആളുകൾ വോട്ട് ചെയ്യാൻ നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത് കാണാമായിരുന്നു. റിയാസിയിൽ 74.7 ശതമാനവും പൂഞ്ചിൽ 73.8 ശതമാനവും രജൗരിയിൽ 70.95 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പാണ്ഡുരംഗ് .കെ. പോൾ പറഞ്ഞു















