തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നൽകി. കേരള സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് ഓൺലൈനായാണ് തുക നൽകിയത്.
ബജാജ് ഫിൻസെർവ് ചീഫ് ഇക്കണോമിസ്റ്റും കോർപ്പറേറ്റ് അഫയേഴ്‌സ് പ്രസിഡൻ്റുമായ ഡോ. എൻ ശ്രീനിവാസ റാവു, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ലീഗൽ & കംപ്ലയൻസ് സീനിയർ പ്രസിഡൻ്റ് ശ്രീ അനിൽ പിഎം എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തുക കൈമാറിയ വിവരം അറിയിച്ചു.
ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസും വയനാട്ടിലെ ദുരിതബാധിതരായ ഉപഭോക്താക്കൾ സമർപ്പിച്ച എല്ലാ ക്ലെയിമുകളുടെയും പ്രോസസ്സിംഗ് വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. ബജാജ് ഫിൻസെർവിന്റെ വായ്പാ വിഭാഗമായ ബജാജ് ഫിനാൻസ് വയനാട്ടിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് വായ്പ തിരിച്ചടവുകൾ ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. പ്രധാന ദുരന്ത ബാധിത സ്ഥലങ്ങളായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി, കുഞ്ഞോം വില്ലേജുകളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള മൊറട്ടോറിയം ബാധകമാണ്.
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും ബജാജ് ഫിൻസെർവ് കമ്പനികൾ ഏറ്റെടുക്കുന്ന വിവിധ സംരംഭങ്ങളും ദുരന്ത ബാധിതർക്ക് അർത്ഥവത്തായ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ബജാജ് ഫിൻസെർവ് ചീഫ് ഇക്കണോമിസ്റ്റും പ്രസിഡൻ്റുമായ ഡോ. എൻ ശ്രീനിവാസ റാവു പറഞ്ഞു.