കണ്ണൂർ: ഈ വർഷം അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂർണതോതിൽ 4ജി സേവനമെത്തുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോഗമിക്കുകയാണ്. ഇതിൽ 157 ടവറുകൾ പുതുതായി സ്ഥാപിക്കുന്നവയാണ്.
ജനുവരിയോടെ 5ജി സേവനങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. നിലവിലുള്ള 857 ടവറുകളിൽ 154 എണ്ണത്തിൽ 4ജി സേവനങ്ങൾ ഇപ്പോൾ നൽകുന്നുണ്ട്. കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി മേഖലകളിലാണ് ആദ്യം 4ജി എത്തിയത്. ഗ്രാമങ്ങളിലെ 57 ടവറുകളിൽ 17 എണ്ണത്തിലും 4ജി എത്തിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. പോർട്ട് ചെയ്യുന്നവരുടെ എണ്ണവും കൂടി. ജൂലൈ മാസത്തിൽ പുതുതായി 9,543 പേരാണ് ബിഎസ്എൻഎൽ കണക്ഷനെടുത്തത്. 4,429 പേർ പോർട്ടിംഗിലൂടെ വരിക്കാരായി. സെപ്റ്റംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 10,189 പേർ പുതിയ വരിക്കാരായി. 5440 പേരാണ് പോർട്ടിംഗിലൂടെ എത്തിയത്.















