ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ചയും പ്രചാരണത്തിൽ കരുത്തുകാട്ടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. എബിവിപി പ്രസിഡന്റ് സ്ഥാനാർത്ഥി ഋഷഭ് ചൗധരി, വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, ജോയിന്റ് സെക്രട്ടറി അമൻ കപാസിയ എന്നിവർ പ്രചാരണത്തിന്റെ ഭാഗമായി 52 കോളേജുകളിൽ പര്യടനം നടത്തി. എഴുപതിനായിരത്തിന് മുകളിൽ വിദ്യാർത്ഥികളുമായി എബിവിപി സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾക്കിടെ സംവദിച്ചു.
വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയുള്ള പ്രകടന പത്രിക മുന്നോട്ട് വെച്ചാണ് എബിവിപി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.എല്ലാ കോഴ്സുകൾക്കും ഏകീകൃത ഫീസ് ഘടന, കേന്ദ്രീകൃത ഹോസ്റ്റൽ പ്രവേശന സംവിധാനം, എല്ലാ കോളേജുകളിലും വിദ്യാർത്ഥികൾക്കായി എൻസിസി യൂണിറ്റ്, മെട്രോ കൺസെഷൻ എന്നീ പ്രധാന വാഗ്ദാനങ്ങളാണ് എബിവിപി പ്രകടന പത്രികയിൽ ഉള്ളത്.
യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് പുനരാരംഭിച്ചതും, സ്റ്റുഡന്റ്സ് സെന്റർ നിർമ്മാണം തുടങ്ങിയതും എബിവിപി നേതൃത്വം നൽകുന്ന യൂണിയന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഭാനു പ്രതാപ് സിംഗ് പറഞ്ഞു. ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്കായി നിലകൊള്ളുന്ന എബിവിപി ക്ക് വോട്ട് ചെയ്ത് വലിയ വിജയം കരസ്ഥമാക്കാൻ സഹായിക്കണമെന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി അമൻ കപാസിയ അഭ്യർത്ഥിച്ചു. സെപ്റ്റംബർ 27 നാണ് വോട്ടെടുപ്പ്.















